Tuesday, October 18, 2011

ഉള്ളവന് വീണ്ടും ലഭിക്കുന്നു ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടുന്നു!



ഏതായാലും, ഭാര്യേം ഭര്‍ത്താവും തമ്മില്‍ തല്ലാണേലും വെറാരാണ്ടും തമ്മില്‍ നല്ല ഒത്തൊരുമ ആണ് എന്ന്  പറഞ്ഞ മാതിരി, നിങ്ങള്‍ പ്രതിപക്ഷവും മറ്റേ പക്ഷവും ഏതു നേരോം തമ്മില്‍ തല്ലാണേലും കാശിന്റെ കാര്യം വന്നപ്പം ഒന്നിച്ചല്ലോ.  

പണ്ടൊക്കെ നമ്മ  വിചാരിച്ചത് നിങ്ങള്‍ക്ക്  ഈ ശമ്പളം എന്ന് പറഞ്ഞു കിട്ടുന്ന നക്കാപിച്ച ഒന്നും വേണ്ടാന്ന! നക്കീം കയ്യിട്ടു വാരിയും ഇട്ട കൈ നക്കിയും ഒക്കെ ആയിട്ട് ഇഷ്ടം പോലെ കിട്ടണുണ്ടല്ലോ..  പിന്നെന്തിനാ ഈ കാശെന്നായിരുന്നു! സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പം ഇപ്പൊ ഒരു വഴിക്കും അര പൈസ കിട്ടിയാ കമിഴ്ന്നു വീഴാതെ പറ്റാത്ത സ്ഥിതി ആയി അല്ലെ! പക്ഷെ ഒരു കാര്യം പറയാന്‍ ഉണ്ട്. കാശ് ഇത്തിരി കൂടുതല്‍ എടുത്തോ... പക്ഷെ ഞങ്ങള്‍ക്കുള്ളേന്നു കയ്യിട്ടു വാരുന്നത് അല്പം കുറക്കണം. 

ഇതിപ്പം പേറെടുക്കാന്‍ വന്നവള്‍ ഇരട്ട  പ്രസവിച്ചു; പ്രസവിക്കാന്‍ കിടന്നവള്‍ അവളെ നോക്കണ്ട വന്നു എന്ന് പറഞ്ഞ മാതിരി ആണ്! ഞങ്ങളെ സേവിക്കാന്‍ വന്ന നിങ്ങള്‍ക്ക് സേവിക്കാന്‍ ഉള്ളത് ഇപ്പൊ ഞങ്ങള്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് പിരിച്ചു  കരം ആയും കര ഒഴിവായും തരണം! ഇന്ന് പണിയെടുക്കാതെ തിന്നാന്‍  വഴി നോക്കുന്നവന്റെ മുഴുവന്‍ മുന്‍പിലുള്ള വഴി രാഷ്ട്രീയം ആണ് എന്നത്  കൊടി നാട്ടിയ സത്യം!

കുരുട്ടു ബുദ്ധിയും ഒച്ചപ്പാടും മാത്രം മതി നേതാവാവാന്‍! സംശയമുണ്ടെങ്കില്‍ ഒരു സര്‍വേ നടത്തി തെളിയിക്ക്, ഇന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സിലിരിപ്പ് എന്താണെന്ന്! ഈ ജനം! വഴി തെറ്റിയ, കഷ്ടപെടുന്ന ആട്ടിന്‍ കൂട്ടം!  എന്റെസേവനം അത്യാവശ്യം ആണ് എന്ന് പറഞ്ഞാണോ? രാഷ്ട്രീയത്തിലേക്ക് വരുന്നവരില്‍ തൊണ്ണൂറു ശതമാനം പേരും, പണിയില്ലാതെ (പണി എടുക്കാന്‍ തയ്യാറല്ലാതെ) പരാതങ്ങളായി ജീവിക്കുന്നവരാണ്. വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ കാറ്റില്‍ പറന്ന കരീലകളോ ഇടയ്ക്കു പൊടിഞ്ഞ മണ്ണാംകട്ടകളോ ആണ്!  കയ്യിട്ടുവാരാന്‍ ഒരു ചക്കരകുടം! (വല്യ കൊമ്പത്തെ ഡിഗ്രികള്‍ ഉള്ള, അതും വിദേശ ഡിഗ്രികള്‍ ഉള്ള നേതാക്കളുടെ മക്കള്‍ ഉണ്ട്! അത് വേറെ കേസ്!)

ഉള്ളവന് വീണ്ടും ലഭിക്കുന്നു ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടുന്നു എന്ന് ബൈബിള്‍ പറഞ്ഞ മാതിരി ഞങ്ങള്‍ക്ക് എന്താ കിട്ടണേ! തണ്ടലൊടിക്കുന്ന കുണ്ടും കുഴിയും ഉള്ള കുറെ റോഡ്‌! കട്ടും വെട്ടികൂട്ടും കഴിഞ്ഞു ഇത്തിരി കറണ്ട്! ഹാര്‍ട്ട് അറ്റാക്ക്‌ വരുത്തുന്ന കറണ്ട് ബില്ല്! മീറ്ററിനും വാടക! കയ്യിലെ കാശ് ചിലവാക്കി പണിത വീടിനു ടാക്സും! ചെലവാക്കുന്നതിന് സെയില്‍സ് ടാക്സ്; എന്തെങ്കിലും ഇങ്ങോട്ട് കിട്ടുന്നതിനു ഇങ്കം ടാക്സ്!  പെറ്റു കൂട്ടിയ പിള്ളാര്‍ക്ക് ഒഴികെ എല്ലാത്തിനും ടാക്സ് അടക്കേണ്ട ഗതികേടായി! ഇനി ഞങ്ങള്‍ പറമ്പില്‍ വച്ച തെങ്ങിനും പ്ലാവിനും വാഴക്കും തലയെണ്ണി (തല ഒന്നും ബാക്കി ഇല്ല എന്നാലും) നിങ്ങള്‍ ടാക്സ് ചോദിക്കുന്നത് എന്നാണോ ആവോ! 

പിന്നെ തുമ്മുമ്പോള്‍ തുമ്മുമ്പോള്‍ വില കൂടുന്ന പെട്രോള്‍! പുക പോലെ വില മുകളിലോട്ടു മാത്രം കുതിച്ചു കയറുന്നു! ആകാശത്തേക്ക് വച്ച വെടിയുണ്ട പോലും തിരികെ വരണുണ്ട്.. പെട്രോള്‍ വില മാത്രം വരുന്നില്ല. 

പണ്ട് ഇന്ത്യയില്‍ ഏറ്റവും വഷളായ സ്ഥലം എന്നൊക്കെ പറഞ്ഞാല്‍ മുംബയിലെ ധാരാവി ധാരാവി എന്നൊക്കെ പറയും ആള്‍ക്കാര്‍! കേരളത്തിലെ ഏറ്റവും മെനകെട്ട സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഇന്നുള്ള ഉത്തരം എന്താണ്! (കണ്ണൂരും തലശ്ശേരീം മാറാടും ഒന്നും പറഞ്ഞെക്കല്ല്)  അത് തിരോന്തോരം ആണ്! തിരോന്തോരം മൊത്തം അല്ല, നിയമ സഭ എന്ന ഇത്തിരി സ്ഥലം മാത്രം! ഒന്നാം ക്ലാസ്സിലെ പിള്ളാര് പോലും തല്ലു കൂടാന്‍ നാണിക്കുന്ന വിഷയങ്ങള്‍ പറഞ്ഞു അവിടെ ഇരുന്നു തല്ലു കൂടാതെ ഗൗരവമുള്ള എന്തെങ്കിലും കാര്യം സംസാരിക്കാമോ? വെറുതെ സംസാരിക്കുവെങ്കിലും ചെയ്യ്! നിയമ സഭ കൂടുന്നത് നിങ്ങടെ തറവാട്ടീന്ന് കൊണ്ടന്ന കാശ് വച്ചല്ല!
രണ്ടാഴ്ച മുന്പ് ഡോളറിന്റെ മൂല്യം കൂടി എന്ന് പറഞ്ഞു പെട്രോളിന്റെ വില കൂട്ടിയിരുന്നു. അത് കഴിഞ്ഞു ഇപ്പം അതില്‍ കൂടുതല്‍ വില അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന് കുറഞ്ഞിട്ടുണ്ട്. കമ്പനികള്‍ എന്താ മിണ്ടാത്തെ എന്നൊന്ന് ചോദിക്കാമോ? മൂന്നു രൂപ കൂട്ടിയപ്പോള്‍ ആ പേരില്‍ ഞങ്ങളെ സഹായിക്കാന്‍ എന്നും പറഞ്ഞു ഞങ്ങടെ വഴി മുടക്കുവേം ഞങ്ങളുടെ കാശ് കൊണ്ട് വാങ്ങിച്ച കുറെ സാധനങ്ങള്‍ തല്ലി തകര്‍ക്കുവേം ചെയ്തതല്ലേ! എന്നിട്ട് വില ഒട്ടു കുറഞ്ഞോ? അതും ഇല്ല! 

ഇനി എല്ലാം പോട്ടെ...!
 കൂട്ടിവാങ്ങിയ കാശിന്റെ പേരില്‍ എങ്കിലും എമ്മെല്ലന്മാരോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്.. ആഴ്ചേല്‍ രണ്ടു ദിവസം എങ്കിലും കാശ് കൈപറ്റാന്‍ ഉള്ളത് ഒപ്പിട്ട് ഇറങ്ങി പോവാതെ സഭയില്‍ തന്നെ ഇരുന്നോണം! ഇല്ല ഇറങ്ങി പോവണം എന്നുറപ്പാണേല്‍ അന്നത്തെ ശമ്പളം വേണ്ടാ എന്ന് പറഞ്ഞിട്ട് പൊക്കോണം..! അവിടെ തന്നെ ഇഷ്ടം പോലെ ടൈം പാസ് ഉണ്ടല്ലോ.. പിന്നെ നിങ്ങളെങ്ങോട്ടാ ഈ ഓടണേ! 

4 comments:

ഇവര്‍ക്ക് ശമ്പളം കൊടുക്കാന്‍ കാശുണ്ട് പക്ഷെ ...പാവപ്പെട്ടവന്റെ മുന്നൂര്‍ രൂപ പെന്‍ഷന്‍ കൂട്ടാന്‍ കാശില്ല കാലം പോയ കോലം....നന്നായി

നന്ദി സുഹ്രിത്തുക്കളേ..

ഇതെന്താ ഒന്നും അറിയാത്തപോലെ? ഇതിനൊക്കെ വേണ്ടിയല്ലേ ജനസേവനമെന്നൊക്കെ പറഞ്ഞ് കുറ്റീം പറിച്ച് ഇങ്ങോട്ട് പോരുന്നത്. അതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ?

പിന്നെ ഉണ്ടം പൊരീ, 'സുഹ്രിത്തുക്കള്'‍, അല്ലെ? അത് കൊള്ളാം.

Post a Comment